ഇന്ത്യയിലെ ലൈബ്രറി സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീ. എസ് ആർ രംഗനാഥൻ അദ്ദേഹത്തിന്റെ Five laws of library science എന്ന പുസ്തകത്തിൽ ജീവനുള്ള, വളരുന്ന ഒന്നായിട്ടാണ് ലൈബ്രറിയെ കാണുന്നത്. ജനങ്ങളുമായുള്ള നിരന്തരമായ ആശയവിനിമയത്തിലൂടെ രൂപത്തിലും ഘടനയിലും മാറ്റങ്ങൾ വരുത്തി കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയുടെ നായകസ്ഥാനം ഏറ്റെടുക്കാൻ ഓരോ വായനശാലക്കും കഴിയണം.
സ്മാർട്ഫോണുകളും ഇന്റർനെറ്റും സർവസാധാരണമായ ഈ കാലഘട്ടത്തിൽ പരമ്പരാഗതമായ രീതിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലകൾക്ക് നവോത്ഥാനത്തിന്റെ വക്താക്കളാവാൻ കഴിയില്ല. ഏത് സാധാരണക്കാരനും കൃത്യമായ വിവരങ്ങൾ ഏത് സമയത്തും ലഭ്യമാക്കാൻ വിവരസാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗിച്ചു മാത്രമേ സാധിക്കൂ. തനിക്കു വേണ്ട വിവരങ്ങൾ ഏറ്റവും എളുപ്പത്തിൽ ലഭിക്കാനാണ് ഏതൊരാളും നോക്കുന്നത്. അതുകൊണ്ടുതന്നെ പുസ്തകങ്ങൾക്ക് പകരം ഇ-ബുക്കുകളായിരിക്കും വരുംതലമുറയിലെ വായനക്കാർ കൂടുതലും വായിക്കുന്നത്. ഒരു നാടിനെ പറ്റി ഗൂഗിളിൽ തിരഞ്ഞാൽ കിട്ടാത്ത പല അറിവുകളും അവിടുത്തെ വായനശാലകൾക്ക് നൽകാൻ കഴിയും. ഒരു ലൈബ്രറി ഡിജിറ്റൽ ലൈബ്രറി ആയി മാറുന്നതോടെ ഇത്തരം വിവരങ്ങൾ സ്വന്തം ഫോണിൽ ആർക്കും ലഭ്യമാവും.
ഒരു ലൈബ്രറി എന്നത് പുസ്തകങ്ങൾ സൂക്ഷിക്കുന്ന കെട്ടിടം എന്നതിലുപരി സ്വതന്ത്രമായ ആശയങ്ങൾക്കും ആരോഗ്യകരമായ ചർച്ചകൾക്കും ഉള്ള വേദി കൂടിയാണ്. കുറച്ചു കാലങ്ങളായി ഇത്തരം ചർച്ചകളെ പലപ്പോഴും നയിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളാണ്. വ്യാജവാർത്തകളും whatsapp മെസ്സേജുകളും കലാപങ്ങൾ സൃഷ്ടിക്കുമ്പോൾ വായനശാലകൾക്ക് ടെക്നോളജി ഉപയോഗിച്ച് ജനങ്ങളുമായുള്ള സമ്പർക്കം കൂടുതൽ കാര്യക്ഷമമാക്കിയാൽ മാത്രമേ സമൂഹത്തിനെ നേർവഴിക്ക് നയിക്കാൻ സാധിക്കൂ. ഈ ആശയങ്ങളുടെ വെളിച്ചത്തിൽ ഡിജിറ്റൽ ലൈബ്രറി എന്നത് ഒരു ആഡംബരമല്ല ആവശ്യകതയാണ് എന്ന തിരിച്ചറിവിലാണ് പായം പഞ്ചായത്ത് ലൈബ്രറി പ്രവർത്തനമാരംഭിക്കുന്നത്.
About Payam panchayath
ഇരുപത്തേഴായിരത്തോളം ജനസംഖ്യയുള്ള പായം പഞ്ചായത്തിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറിയാണ് പായം പഞ്ചായത്ത് ലൈബ്രറി. കേരള-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിലാണ് പായം പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഒട്ടേറെ പ്രത്യേകതകൾ ഈ നാടിനുണ്ട്.
കർണാടകവുമായി പങ്കിടുന്ന അതിർത്തിയിൽ ജനവാസമില്ലാത്ത കുടക് വനങ്ങളായതുകൊണ്ടുതന്നെ മറ്റുള്ള അതിർത്തിപ്രദേശങ്ങളിൽ കണ്ടുവരുന്നതുപോലത്തെ ഭാഷ-സാംസ്‌കാരിക സങ്കലനം ഈ നാട്ടിലില്ല. പണിയർ വിഭാഗത്തിലെ ആദിവാസികളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്. ഇവരുടെ ദൈവസങ്കല്‍പ്പവും ആരാധനാസമ്പ്രദായങ്ങളും വളരെ വ്യത്യസ്തവും സവിശേഷതയുള്ളതുമാണ്. ഇവിടുത്തെ ഭൂപ്രകൃതിയും ജനജീവിതവുമായി ബന്ധപ്പെട്ടുണ്ടായതാണ് സ്ഥലനാമങ്ങള്‍ എല്ലാം തന്നെ.
ഫ്യൂഡല്‍ ജന്മിത്തവാഴ്ചയുടെ എല്ലാ തിക്തഫലങ്ങളും നേരിട്ട് സ്വാതന്ത്യ്രസമരത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരാണ് ഇവിടുത്തെ പഴയ തലമുറ. ജന്മിത്തത്തിനെതിരായുള്ള കര്‍ഷകകലാപത്തിന്റെ മുന്‍നിരയില്‍ നിന്ന കല്ലോറത്ത് സഹോദരന്‍മാരുടെ ജന്മനാടാണിത്. 1960-കളില്‍ ആരംഭിച്ച കര്‍ഷകകുടിയേറ്റങ്ങളും ക്രിസ്ത്യന്‍മിഷണറിമാരുടെ പ്രവര്‍ത്തനഫലമായുണ്ടായ വിദ്യാഭ്യാസപുരോഗതിയും ഈ നാടിന്റെ സാംസ്കാരികാഭിവൃദ്ധിയില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്.
നിലവില്‍ 3 സര്‍ക്കാര്‍ സ്ക്കൂളുകളും, 8 സ്വകാര്യ സ്ക്കൂളുകളും, മൂന്ന് സ്വകാര്യ മാനേജ്മെന്റ് കോളേജുകളും, സ്വകാര്യമേഖലയില്‍ ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവുമാണ് പായം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, ഒരു ബധിര-മൂക വിദ്യാലയവും, പഞ്ചായത്ത് വക ശിശുമന്ദിരവും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. പെരിങ്കരി, മലപ്പൊട്ട്, കാളിക്കടവ് എന്നിവിടങ്ങളില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. കൂടാതെ അനേകം സർക്കാർ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്. ഇങ്ങനെ എല്ലാ മേഖലയിലുമുള്ള വായനക്കാർക്ക് പായം പഞ്ചായത്ത് ഡിജിറ്റൽ ലൈബ്രറി ഒരു മുതൽക്കൂട്ടാവുമെന്നതിൽ സംശയമില്ല.